ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട വിജ്ഞാപനം ഇറങ്ങി; കോൺഗ്രസിന്‍റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടന്‍

Jaihind Webdesk
Wednesday, March 20, 2024

 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിൽ ഏപ്രിൽ 19-നാണ് വോട്ടെടുപ്പ്. അതേസമയം മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തുവിടും. കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച തീരുമാനം കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ്
സമിതിയിലുണ്ടാകും. കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി ചർച്ചകൾക്കായുള്ള പിസിസികളുടെ സ്‌ക്രീനിംഗ് കമ്മിറ്റികളും എഐസിസി ആസ്ഥാനത്ത് ചേരുകയാണ്.

ബിജെപിയും മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാനുള്ള തയാറെടുപ്പിലാണ്. പടലപ്പിണക്കവും തർക്കങ്ങളും ബിജെപിക്ക് സീറ്റ് വിഭജനത്തില്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്. പശ്ചിമ ബംഗാളിലെ നേതാക്കളോട് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി ഡൽഹിയിലെത്താൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ബിഹാറിലെ എൻഡിഎയിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയ ബിജെപി മഹാരാഷ്ട്രയിലെ സീറ്റ് വിഭജനവും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്ന് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകും. തമിഴ്‌നാട്ടിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിലും ബിജെപി ഉടനെ തീരുമാനമെടുത്തേക്കും.