കൊല്ലം: കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് കടയ്ക്കൽ മുക്കുനത്തിനും കല്ലുതേരിക്കും ഇടയിൽ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കുപറ്റിയ മനോജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കോൺഗ്രസ് പാർട്ടിയുടെ സജീവ പ്രവർത്തകർ ആയിരുന്നു മനോജ്. വിദേശത്തായിരുന്ന മനോജ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് നാട്ടിൽ എത്തിയത്. വന്യമൃഗ ആക്രമണത്തില്‍ സർക്കാർ ഇടപെടല്‍ ആവശ്യപ്പെട്ടും മനോജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും അനുശോചന യോഗവും സംഘടിപ്പിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മനോജിന്റെ നിർധനകുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകുക, ഭാര്യയ്ക്ക് ജോലി ലഭ്യമാക്കുക, ഭീതിയിൽ കഴിയുന്ന നാട്ടുകാർക്ക് സ്വൈര്യജീവിതം ഉറപ്പാക്കുന്നതിന് അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡന്റ് ഷാജു കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ.എം. ഇർഷാദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ചടയമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എം. തമീമുദ്ദീൻ, ആർവൈഎഫ് ജില്ലാ കമ്മിറ്റിയംഗം ഷാജഹാൻ കിഴുനില, പഞ്ചായത്തംഗം കുമ്മിൾ ഷമീർ, യൂത്ത് കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡന്റ് സുരേഷ്, ഷാനവാസ് മുക്കുന്നം എന്നിവർ സംസാരിച്ചു.