തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസിയും പ്രതിപക്ഷ നേതാവും തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ്
മാറ്റണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.
ഏപ്രില്‍ 26 വെള്ളിയാഴ്ച കേരളത്തില്‍ നടത്താനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തുനല്‍കി. സംസ്ഥാനത്ത് വെള്ളിയാഴ്ചയോ ഞായറാഴ്ചയോ വോട്ടെടുപ്പ് നടത്തുന്നത് ജനങ്ങൾക്കും വോട്ടര്‍മാര്‍ക്കും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ വിവിധ മുസ്ലിം സംഘടനകളും ഇക്കാര്യത്തില്‍ പരാതി ഉയർത്തിയിരുന്നു. വെള്ളിയാഴ്ചത്തെ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യം ശക്തമായി ഉയർന്നിട്ടും ഇനിയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.