ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിനും എസ്ബിഐക്കും സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് എല്ലാ വിവരങ്ങളും നൽകാനാണ് ആവശ്യപ്പെട്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. ഇലക്ടറല്‍ ബോണ്ടുകളുടെ ആല്‍ഫാ ന്യൂമറിക്ക് നമ്പരും സീരിയല്‍ നമ്പരും വെളിപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു.
കോടതി ആവശ്യപ്പെട്ടാലേ എല്ലാം വെളിപ്പെടുത്തൂ എന്ന് നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വ്യാഴാഴ്ചയ്ക്കകം എല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്മൂലം നല്‍കാനും കോടതി നിർദ്ദേശിച്ചു. ഇലക്ടറൽ ബോണ്ടിലെ മുഴുവൻ വിവരങ്ങളും കൈമാറാൻ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയൽ നമ്പർ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ആരാഞ്ഞു. ആല്‍ഫാ ന്യൂമറിക്കല്‍ കോഡ് വെളിപ്പെടുത്താമെന്ന് എസ്ബിഐ അറിയിച്ചു. ബോണ്ടുകളുടെ സവിശേഷ തിരിച്ചറിയിൽ നമ്പറിലൂടെ മാത്രമേ ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാർട്ടി സ്വീകരിച്ചു എന്ന് വ്യക്തമാകൂ.
ഇലക്ടറല്‍ ബോണ്ടിന്റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീം കോടതി എസ്ബിഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച എസ്ബിഐയുടെ അപേക്ഷ തള്ളിയ കോടതി അന്ത്യശാസനം കൊടുത്തതോടെയാണ് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍, ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍, ഓരോ ബോണ്ടിന്റെയും യുണീക് നമ്പര്‍ എന്നിവ കൈമാറാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടികളുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകളും പുറത്തുവന്നു. പക്ഷേ ബോണ്ടുകളുടെ നമ്പര്‍ എസ്ബിഐ കൈമാറിയിരുന്നില്ല.