തിരുവനന്തപുരം: കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേരള സര്‍വ്വകലാശാല കലോത്സവത്തിലെ വിധി കര്‍ത്താവ് ഷാജിയുടെ മരണത്തില്‍ പ്രതികരണവുമായി അമ്മ. ഷാജിയുടെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നും ഷാജി കരഞ്ഞു പറഞ്ഞതായി അമ്മ പറഞ്ഞു.
കണ്ണൂരിലെ വീട്ടിലാണ് ഷാജിയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പോലീസ് ഷാജിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. വിധികര്‍ത്താവിന്റെ മരണത്തോടെ പണം വാങ്ങിയില്ലെന്നും നിരപരാധിയെന്നും പിഎന്‍ ഷാജിയുടെ ആത്മഹത്യാക്കുറിപ്പാണ് പോലീസ് കണ്ടെത്തിയത്. തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാം. പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെ. സത്യം, സത്യം, സത്യം എന്ന് മൂന്നു തവണ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
കേരള സര്‍വകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയാണ് ഷാജി. മാര്‍ഗംകളി മത്സരത്തിന്റെ വിധി കര്‍ത്താവായിരുന്നു ഷാജി. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാര്‍ മത്സരാര്‍ത്ഥികളെ തിരിച്ചറിയാൻ അയച്ചുകൊടുത്ത ചിത്രങ്ങൾ സംഘാടകര്‍ പോലീസിന് കൈമാറിയിരുന്നു. ഷാജി അടക്കം നാലു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.