മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. എന്തൊരു നാണംകെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. 16 വര്‍ഷം സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ആളാണ് പിണറായി വിജയന്. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴാണ് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും ഇടപ്പള്ളി പൊലീസ് സ്റ്റേഷന് ആക്രമണ കേസില്‍ ഉള്‍പ്പെടെ പ്രതിയായിരുന്ന വിശ്വനാഥ മേനോന് ബി.ജെ.പിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. പിണറായി സെക്രട്ടറിയായി ഇരിക്കുമ്പോഴാണ് അല്‍ഫോണ്‍സ് കണ്ണന്താനം പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് മന്ത്രിയായ കണ്ണന്താനത്തിന് വിരുന്ന് നല്കിയ ആളാണ് പിണറായി. അപ്പോള്‍ പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ സി.പി.എം നാണംകെട്ട പാര്‍ട്ടിയായിരുന്നോ എന്ന് അദ്ദേഹം വിമർശിച്ചു.
ഏറ്റവും മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടപ്പോള്‍ ആ നാണംകെട്ട പാര്‍ട്ടിയുടെ തലപ്പത്ത് പിണറായി വിജയനല്ലേ ഇരുന്നിരുന്നത്? ബംഗാളിലും ത്രിപുരയിലുമുള്ള സി.പി.എം നേതാക്കള്‍ ബി.ജെ.പിയിലും തൃണമൂല്‍ കോണ്‍ഗ്രസിലുമാണ്. പാര്‍ട്ടി സെക്രട്ടറിയെയും പാര്‍ട്ടിയെയും പിണറായി പറഞ്ഞതു പോലെ നാണംകെട്ട എന്ന് വിശേഷിപ്പിക്കുന്നില്ല. 77 ല്‍ ആര്.എസ്.എസ് പിന്തുണയില്‍ ജയിച്ച ആളാണ് പിണറായി. ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ 38 തവണയാണ് ലാവലിന്‍ കേസ് മാറ്റിയത്. ഇവര്‍ക്കെതിരെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളൊക്കെ എവിടെ പോയി? കരുവന്നൂരിലെ ഇ.ഡി അന്വേഷണം ധാരണയായോ? ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്ന് പറയുന്ന ഇ.പി ജയരാജന് എല്‍.ഡി.എഫ് കണ്‍വീനറാണോ അതോ എന്‍.ഡി.എ ചെയര്‍മാനാണോ? ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നാല്‍ അവിടെയൊക്കെ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് വരുമെന്നാണ്. വായില്‍ തോന്നുന്നത് വിളിച്ച് പറയുകയാണ്. പിണറായിയെയും കുടുംബത്തെയും രക്ഷിക്കാനാണ് ഇല്ലാത്ത സ്പേസ് ബി.ജെ.പിക്ക് സി.പി.എം കേരളത്തില്‍ ഉണ്ടാക്കിക്കൊടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.