വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ നടന്നത് കൊലപാതകമാണെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതകം തേച്ചുമായ്ച്ച് കളയാനാണ്ഇപ്പോഴത്തെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൊലപാതകമെന്നാണ്.
വെറ്റിനറി കോളേജിലെ ഡീനിന് എല്ലാം അറിയാമെന്നും സി.പി.ഐക്കാരനായ ഡീൻ നാരായണനെ മന്ത്രി ചിഞ്ചു റാണി രക്ഷിക്കാൻ ശ്രമിക്കുകയാണെന്നുംഅദ്ദേഹം ആരോപിച്ചു. കോളേജിൽ ഇടിമുറിയുണ്ട്. സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയാക്കാനാണ് പൂക്കോട് എസ്.എച്ച്.ഒ ശ്രമിക്കുന്നത്. സിപിഎം നേതാവ് ശശീന്ദ്രനും സിപിഎം നേതാക്കളും ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ടി.പി. കേസിലെ അതേ നയമാണ് സിപിഎം ഇവിടെയും സ്വീകരിക്കുന്നത്. കൊലപാതകികളെ പൊതുജനത്തിന് മുമ്പിൽ തള്ളിപ്പറയുകയും പിന്നീട് കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെ സംരക്ഷിച്ചാൽ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.