പൊങ്കാല പുണ്യം നുകർന്ന് ഭക്തലക്ഷങ്ങള്‍; അമ്മയ്ക്ക് നിവേദ്യം സമർപ്പിച്ച് പ്രാർത്ഥനയോടെ മടക്കം

Jaihind Webdesk
Sunday, February 25, 2024

 

തിരുവനന്തപുരം: പൊങ്കാല പുണ്യം നേടി ഭക്തലക്ഷങ്ങള്‍. ഉച്ച പൂജയ്ക്കു ശേഷം പൊങ്കാല നിവേദ്യം കഴിഞ്ഞതോടെ ആത്മനിർവൃതിയോടെ ഭക്തർ മടങ്ങി. നിവേദ്യ സമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തി. നിവേദ്യ സമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തു നിന്ന് പുഷ്പവൃഷ്ടി നടത്തി. ഭക്തർക്ക് ഇനി  അടുത്ത വർഷത്തെ പൊങ്കാലയ്ക്കായുള്ള കാത്തിരിപ്പാണ്.

ആറ്റുകാൽ ക്ഷേത്രത്തിലെ പ്രസിദ്ധമായ ചടങ്ങുകളിലൊന്നാണ് ആറ്റുകാൽ പൊങ്കാല . രാവിലെ 10നു ശുഭപുണ്യാഹത്തിനു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിക്ക് നൽകി. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീകത്തിച്ച ശേഷം ദീപം സഹ മേൽശാന്തിക്ക് കൈമാറി. രാവിലെ 10.42-ഓടെ സഹ മേൽശാന്തി വലിയ തിടപ്പള്ളിയിലെ പൊങ്കാലയ്ക്ക് ശേഷം പണ്ടാര അടുപ്പിൽ അഗ്നി പകർന്നു. പിന്നീട് വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ കത്തിച്ചു. ദേവീസ്തുതികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തർക്ക് പൊങ്കാല അടുപ്പുകളിൽ തീ കത്തിക്കാനുള്ള അറിയിപ്പായി ചെണ്ടമേളത്തിനൊപ്പം കതിനയും മുഴങ്ങി. മൈക്കിലൂടെ അറിയിപ്പ് വന്നതോടെ ഭക്തർ അടുപ്പുകളിലേക്ക് തീ പകർന്നു. അനന്തപുരി യാഗശാലയായി മാറി. ഉച്ചക്ക് 2.30ന് പണ്ടാര അടുപ്പിലേക്ക് മേൽശാന്തി പുണ്യാഹം തളിച്ച് ആറ്റുകാൽ അമ്മയ്ക്ക് നിവേദ്യം അർപ്പിച്ചതോടെ പൊങ്കാല ചടങ്ങുകൾ പൂർത്തിയായി. കെഎസ്ആർടിസി സ്പെഷ്യല്‍ സർവീസുകളെയും ട്രെയിനുകളെയും ആശ്രയിച്ചാണ് ഭക്തരുടെ മടക്കം. പൊങ്കാല കഴിഞ്ഞതോടെ തിരുവനന്തപുരം നഗരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഓരോ വർഷവും പൊങ്കാലയിട്ട് ദേവിയുടെ അനുഗ്രഹം നേടാനായി എത്തിച്ചേരുന്ന ഭക്തരുടെ എണ്ണത്തില്‍ വൻ വര്‍ധനവാണുള്ളത്. ക്ഷേത്രാങ്കണവും കിലോമീറ്ററുകള്‍ നീളുന്ന പരിസരപ്രദേശങ്ങളും ഇന്നലെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. ഇന്ന് രാവിലെ പെയ്ത ചാറ്റൽ മഴ ഭക്തർക്കിടയിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് മഴ മാറിനിന്നു. സമീപ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി കത്തുന്ന വേനലിന്‍റെ കാഠിന്യവും കുറവായിരുന്നതായി ഭക്തർ പറയുന്നു.  രാത്രി 7.30 ന് നടക്കുന്ന കുത്തിയോട്ടത്തിനുള്ള ചൂരൽക്കുത്ത് ചടങ്ങാണ് ഇനി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ്. രാത്രി 11നു മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. തൃക്കടവൂർ ശിവരാജനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ട ബാലന്മാർ എഴുന്നള്ളത്തിനെ അനുഗമിക്കും. എഴുന്നള്ളത്തിന് സായുധ പോലീസിന്‍റെ അകമ്പടിയും വാദ്യമേളവുമുണ്ടാകും.