ന്യൂഡൽഹി: ദില്ലി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെച്ചു. കർഷകർ അതിർത്തികളിൽ തന്നെ തുടരുമെന്നാണ് തീരുമാനം. കൊല്ലപ്പെട്ട കർഷകർക്ക് നീതി കിട്ടുന്നത് വരെ തങ്ങൾ പിന്നോട്ടില്ല എന്നും നേതാക്കൾ വ്യക്തമാക്കി. നാളെ മുതൽ അതിർത്തികളിലേക്ക് കൂടുതൽ കർഷകർ എത്തുമെന്നും നേതാക്കൾ പറഞ്ഞു.
കർഷക നേതാക്കളുമായി ആറാം വട്ട ചർച്ചകൾക്ക് കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചെങ്കിലും വഴങ്ങാൻ തയ്യാറായിട്ടില്ല. അതിർത്തികളിൽ കർഷകർ തുടരുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ മരിച്ച കർഷകൻ ശുഭ് കരൺ സിംഗിന് നീതി ഉറപ്പാക്കാൻ പ്രതിഷേധം ശക്തമാക്കുമെന്നാണ് കർഷക സംഘടനകൾ അറിയിച്ചിരിക്കുന്നത്. ശുഭ് കരൺ സിംഗിന്റെ മരണത്തിൽ ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുക്കണം. നടപടികൾ തുടങ്ങാതെ യുവ കർഷകന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനോ സംസ്കരിക്കാനോ അനുവദിക്കില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.