അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം; അസം പോലീസ് എടുത്ത കേസില്‍ വെള്ളിയാഴ്ച ഹാജരാകാന്‍ സമന്‍സ്

Jaihind Webdesk
Tuesday, February 20, 2024

 

ന്യൂഡല്‍ഹി: അമിത് ഷായ്ക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ അപകീർത്തി കേസിലാണ് ഉത്തർപ്രദേശിലെ സുൽത്താൻപുർ കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്. 2018-ല്‍ കർണാടകയില്‍ വെച്ച് അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശത്തിലാണ് ബിജെപി നേതാവ് പരാതി നല്‍കിയത്. സംശുദ്ധ രാഷ്ട്രീയം അവകാശപ്പെടുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ കൊലപാതകക്കേസിൽ പ്രതിയാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രാഹുൽ ഗാന്ധിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി നേതാക്കള്‍ നൽകിയ അപകീർത്തി കേസുകളുടെ തുടർച്ചയായാണ് ഈ കേസും എന്നാണ് കോൺഗ്രസിന്‍റെ പ്രതികരണം.

അതേസമയം ന്യായ് യാത്രയ്ക്കിടെ പൊതുമുതൽ നശിപ്പിച്ചു എന്ന പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെ അസം പോലീസ് സമൻസ് അയച്ചു. രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, ഗൗരവ് ഗോഗോയ് ഉൾപ്പെടെഉള്ള 11 ഓളം പേർക്കെതിരെയാണ് സമൻസ് വന്നിരിക്കുന്നത്. വെള്ളിയാഴ്ച ഹാജരാവാനാണ് നിർദ്ദേശം. ഇതിൽ വീഴ്ചവരുത്തിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. അസമിലൂടെ യാത്ര കടന്നു പോയപ്പോൾ പോലീസും പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്‍റെ ഭാഗമായി രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ  സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ സമൻസ് വന്നിരിക്കുന്നത്. ഭാരത് ജോഡോ ന്യായ് യാത്രയുടെ ജനപിന്തുണയില്‍ വിറളി പൂണ്ട ബിജെപി യാത്രയെ തടസപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിക്കും നേതാക്കള്‍ക്കും എതിരെ കേസുകള്‍ എടുക്കുന്നത്.