മാനന്തവാടി: വയനാട് ജില്ലയിൽ നാളെ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ കോഴിക്കോട് പറഞ്ഞു. കളക്ടറേറ്റ് പരിസരത്താണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 24 മണിക്കൂർ പ്രക്ഷോഭം സംഘടിപ്പിക്കുക. കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, കെ. മുരളീധരൻ എംപി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
വയനാട്ടിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ പിണറായി സർക്കാർ പരാജയമാണെന്ന് ടി. സിദ്ദിഖ് എംഎല്‍എ കുറ്റപ്പെടുത്തി. പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാനാവില്ല. ജനപ്രതിനിധികളെ അക്രമിച്ചതിലും കേസെടുത്തിട്ടുണ്ട്. താനും മറ്റ് ജനപ്രതിനിധികളും പരാതി നൽകിയിട്ടില്ലെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.
പോലീസിന് ജനങ്ങളുടെമേൽ കുതിര കയറാൻ എംഎൽഎമാരെ ഉപയോഗിക്കുന്നത് അനുവദിക്കില്ല. എല്ലാ കേസുകളും ഒഴിവാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.
ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രതിഷേധങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം. വനം മന്ത്രിക്ക് സ്ഥലം സന്ദർശിക്കാൻ വേണ്ടിയാണ് പ്രതിഷേധക്കാർക്കെതിരെ കേസെടുക്കുന്നത്. ജില്ലയിൽ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് രാഹുൽ ഗാന്ധി എംപിയുടെ സന്ദർശനത്തിന് പിന്നാലെ നൽകിയ സഹായത്തെക്കുറിച്ചും ടി. സിദ്ദിഖ് വിശദീകരിച്ചു. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ശരത്തിന്റെ ചികിത്സയ്ക്ക് 50,000 രൂപ നൽകും. ലക്ഷ്മണന്റെ കുടുംബത്തിന് സഹായധനം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ വീട് നിർമ്മാണം പാർട്ടി പൂർത്തിയാക്കും. കുഞ്ഞവറാന്റെ കുടുംബത്തിന് വീട് വെച്ചു നൽകുമെന്നും ടി. സിദ്ദിഖ് എംഎൽഎ അറിയിച്ചു.