പുല്‍പ്പള്ളിയില്‍ അണപൊട്ടി ജനരോഷം; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: പോലീസ് ലാത്തിച്ചാർജ്

Jaihind Webdesk
Saturday, February 17, 2024

 

മാനന്തവാടി: തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാത്ത സർക്കാരിനെതിരെ പുല്‍പ്പള്ളിയില്‍ ജനരോഷം അണപൊട്ടി.  കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ മൃതദേഹവുമായി ആയിരങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തി വീശി. പിരിഞ്ഞുപോയെങ്കിലും നാട്ടുകാർ പ്രതിഷേധം തുടരുകയാണ്.

പോളിന്‍റെ മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിന്‍റെ  ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്‍റെ കാറ്റഴിച്ചുവിട്ടു. ജീപ്പിന്‍റെ മുകളിലെ പടുത വലിച്ചുകീറിയെറിഞ്ഞ പ്രതിഷേധക്കാർ വനംവകുപ്പ് എന്നെഴുതിയ റീത്തും ജീപ്പിൽ വെച്ചു. കേണിച്ചിറയിൽ വന്യമൃഗ ആക്രമണത്തിൽ ചത്ത പശുവിന്‍റെ ജഡം വനംവകുപ്പിന്‍റെ ജീപ്പിന്‍റെ ബോണറ്റിന് മുകളില്‍ വെച്ചും പ്രതിഷേധം കടുപ്പിച്ചു. മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്ന നിലപാടിലാണ് നാട്ടുകാർ. മണിക്കൂറുകളായി തുടരുന്ന പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തിവീശുകയായിരുന്നു. പ്രതിഷേധക്കാർ കുപ്പികള്‍ എറിഞ്ഞതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.

ഇന്നലെ രാവിലെയാണ് വനം വകുപ്പിന്‍റെ ഇക്കോ ടൂറിസം സെന്‍ററിലെ താൽക്കാലിക ജീവനക്കാരനായിരുന്ന പോളിനെ കുറുവ ദ്വീപിന് സമീപത്തുവെച്ച് കാട്ടാന ആക്രമിച്ചത്. ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജംക്‌ഷനിൽ വെച്ചായിരുന്നു പോളിനെ കാട്ടാന ആക്രമിച്ചത്. പടമല ചാലിഗദ്ദയിൽ അജീഷിനെ ആന ചവിട്ടിക്കൊന്ന സ്ഥലത്തുനിന്ന് 7 കിലോമീറ്റർ മാത്രം അകലെയാണ് പോള്‍ ആക്രമിക്കപ്പെട്ടത്.

അതേസമയം വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആഹ്വനം ചെയ്ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുകയാണ്. അതിനിടെ മാനന്തവാടി പടമലയിൽ കർഷകനായ അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയ മോഴയാനയെ പിടിക്കാനുള്ള ദൗത്യം ഇന്ന് ഏഴാം ദിവസത്തിലാണ്. കഴിഞ്ഞയാഴ്ച ഇതേ ദിവസമാണ് ബേലൂർ മഖ്‌ന അജീഷിന്‍റെ ജീവനെടുത്തത്. കാടിളക്കി തിരഞ്ഞിട്ടും മയക്കുവെടിക്ക് ഉചിതമായ സാഹചര്യം കിട്ടുന്നില്ലെന്നാണ് ദൗത്യസംഘം പറയുന്നത്.