കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഡൽഹി ചലോ മാർച്ച് കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. കഴിഞ്ഞ ദിവസം ഹരിയാനയിൽ ശംഭു അതിർത്തിയിലടക്കം ഉണ്ടായ സംഘർഷങ്ങളിൽ 40 കർഷകർക്ക് പരുക്കേറ്റു. പ്രശ്ന പരിഹാരത്തിന് കർഷക സംഘടന നേതാക്കളുമായി കേന്ദ്ര സർക്കാർ ഇന്ന് വൈകുന്നേരം 5 മണിക്ക് ചർച്ച നടത്തും. സർക്കാർ കർഷകരെ അപമാനിക്കുന്നു എന്ന് രാഹുൽ ഗാന്ധി. കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ ഗ്രാമീൺ ബന്ദും തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്കും നാളെ നടക്കും.
കർഷകരുടെ ഡൽഹി ചലോ മാർച്ച് സംഘർഷത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് സന്നദ്ധമായത്. അതിർത്തി കടന്ന് ഡൽഹിയിലേക്ക് എത്താൻ കർഷക സംഘടനകൾ ശ്രമിക്കുമ്പോൾ കേന്ദ്ര സേനയെ അടക്കം രംഗത്തിറക്കി സമരക്കാരെ സർക്കാർ പ്രതിരോധിക്കുകയാണ്. ആയിരക്കണക്കിന് കർഷകരാണ് ശംഭു അതിർത്തിയിൽ ട്രാക്ടറുകളുമായി എത്തുന്നത്. പഞ്ചാബിൽ ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ വിഭാഗം ട്രെയിൻ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് സമിതി കേന്ദ്രസർക്കാരുമായി ചർച്ച നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സംഘടന . ഹരിയാനയിൽ കണ്ണീർ വാതകത്തിനും ജലപീരങ്കിക്കും പുറമെ പോലീസ് റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവെച്ചതായി കർഷകർ ആരോപിച്ചു. പോലീസ് അതിക്രമത്തിൽ നിരവധി കർഷകർക്ക് പരുക്കേറ്റുവെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കിസാൻ മസ്ദൂർ സംഘർഷ് സമിതി അറിയിച്ചു.