കേരളീയത്തിന്‍റെ സ്പോൺസർഷിപ്പ് കണക്കുകളില്‍ മറുപടിയില്ല; ഒളിച്ചു കളി തുടർന്ന് സർക്കാർ

Jaihind Webdesk
Wednesday, February 14, 2024


തിരുവനന്തപുരം: കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കണക്കുകളിൽ ഒളിച്ചു കളി തുടർന്ന് സർക്കാർ. നിയമസഭയിൽ അംഗങ്ങൾ ഇതു സംബന്ധിച്ച ചോദ്യമുയർത്തിയിട്ടും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല എന്ന മറുപടി നൽകി മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചുകളിക്കുകയാണ്. കേരളീയം പരിപാടിക്ക് വേണ്ടി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കോടിക്കണക്കിന് രൂപ സ്പോൺസർഷിപ്പിലൂടെ സമാഹരിച്ചത് വൻ വിവാദം ഉയർത്തിയിരുന്നു.

ഏറെ വിവാദം ഉയർത്തിയ കേരളീയം പരിപാടിയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുന്നതിൽ സർക്കാർ ഒളിച്ചു കളി തുടരുകയാണ്. പരിപാടി കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും ഇതിന്‍റെ കണക്കുകൾ പുറത്തുവിടുവാൻ സർക്കാർ തയ്യാറായിട്ടില്ല. ഇതേ തുടർന്നാണ് എംഎൽഎമാരായ പി.സി വിഷ്ണുനാഥും അൻവർ സാദത്തും ഇത് സംബന്ധിച്ച
ചോദ്യങ്ങൾ സഭയിൽ ഉന്നയിച്ചത്. എന്നാൽ കണക്കുകൾ പുറത്തുവിടാതെ പരിപാടിക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്പോൺസർഷിപ്പ് മുഴുവനായും ലഭ്യാമിയിട്ടില്ലെന്ന ഒഴുക്കൻ മറുപടി നൽകി മുഖ്യമന്ത്രി ഒളിച്ചു കളിക്കുകയായിരുന്നു. നേരത്തെ വിവരാവകാശ രേഖപ്രകാരം പലരും ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതിന്‍റെ കണക്കുകൾ പുറത്തു വിടുവാൻ തയ്യാറായിരുന്നില്ല.

കേരളീയം പരിപാടിക്ക് വേണ്ടി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്
കോടിക്കണക്കിന് രൂപ സ്പോൺസർഷിപ്പിലൂടെ സമാഹരിച്ചത് വൻ വിവാദം ഉയർത്തിയിരുന്നു. ഇതിനു പുറമേ നവകേരള സദസിൽ മന്ത്രിമാരുടെ വാഹനങ്ങൾ ഓടിയതിന്‍റെ ചെലവ് സംബന്ധിച്ചു കൃത്യമായ കണക്കും പുറത്തു വിടാൻ സർക്കാർ തയ്യാറായിട്ടില്ല.