തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് മാർച്ച് നടത്തിയ
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശക്തമായ ജലപീരങ്കി പ്രയോഗത്തിൽ തെറിച്ച് വീണ് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. നിരാലംബരായ പതിനായിരങ്ങൾക്ക് മാസങ്ങളായി ക്ഷേമ പെൻഷൻ നൽകാത്ത സർക്കാർ നിലപാടിനെതിരെയുള്ള ശക്തമായ യുവജന രോഷമാണ് മാർച്ചിൽ അലയടിച്ചത്.
ആറുമാസമായി ക്ഷേമപെൻഷൻ മുടങ്ങി പതിനായിരങ്ങൾ വഴിയാധാരമാകുമ്പോഴും അനങ്ങാപ്പാറ നയം തുടരുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ യുവജനരോഷമുയർത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. കേരളത്തെ ഭരിച്ചു മുടിച്ച സർക്കാർ സമസ്ത മേഖലയിലും അരാജകത്വം വിതക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗം ആരംഭിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ നിരവധി തവണ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പോലീസ് ശക്തമായ ജലപീരങ്കി പ്രയോഗം വീണ്ടും തുടർന്നതോടെ നിരവധി പ്രവർത്തകർക്ക് തെറിച്ചുവീണ് പരിക്കേറ്റു. വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായ പരിക്കേറ്റു.