കണ്ണൂർ : കണ്ണൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് ആറ് വർഷം. സേവന പ്രവർത്തനങ്ങളിലൂടെ എല്ലാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ചെറുപ്പക്കാരനെ സി.പി.എം പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയത് കേരളീയ പൊതുസമൂഹം മറന്നിട്ടില്ല.
മട്ടന്നൂരിലും പരിസര പ്രദേശത്തും അശരണരായ മനുഷ്യരുടെ ആശ്രയമായ ഷുഹൈബിനെ എന്തിനാണ് സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയതെന്ന ചോദ്യം ഉത്തരമില്ലാതെ ഇന്നും അവശേഷിക്കുന്നു. മൂവർണ്ണക്കൊടിയേന്തി പാവപ്പെട്ടവരെ സഹായിക്കാൻ രാപകൽ ഓടിനടന്നത് കൊണ്ടാണോ സി.പി.എം ഗുണ്ടകൾ ഷുഹൈബിനെ ഇല്ലാതാക്കിയത് എന്ന ചോദ്യം കണ്ണൂരിൽ ഇപ്പോഴും ഉയരുന്നുണ്ട്.
ഷുഹൈബ് ഇരയായിട്ട് 5 വർഷങ്ങൾ കഴിഞ്ഞിട്ടും ഷുഹൈബിന്റെ കുടുംബത്തിന് ഇതുവരെയും നീതി ലഭിച്ചിട്ടില്ല. കൊലപാതകത്തിലെ പ്രധാന പ്രതിയായ ആകാശ് തില്ലങ്കേരി ഉൾപ്പടെയുള്ള പ്രതികൾ നാട്ടിൽ നിയമത്തെ പോലും വെല്ലുവിളിച്ച് വിലസി നടക്കുകയാണ്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യം സുപ്രീം കോടതിയിൽ എത്തി നിൽക്കുകയാണ്. അതിൽ ഇതുവരെയും തീരുമാനമായിട്ടില്ല. 6 വർഷം മുന്നെയുള്ള ഒരു രാത്രി സേവന പ്രവർത്തനങ്ങളെല്ലാം കഴിഞ്ഞ് രാത്രി എടയന്നൂരിനടുത്തുള്ള ചായക്കടയിൽ നിൽക്കുമ്പോഴാണ് മാരകായുധങ്ങളുമായി ഒരു സംഘം സിപിഎം ക്രിമിനലുകൾ ചാടി വീഴുന്നത്. ഷുഹൈബിന് നേരെ മനസ്സാക്ഷിയുള്ള ഒരാളും ചെയ്യാത്ത കൊടും ക്രൂരതയാണ് ആകാശ് തില്ലങ്കേരിയെന്ന ക്രിമിനലിന്റെ നേതൃത്വത്തിൽ നടന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൈവാള് കൊണ്ട് ആഞ്ഞു വെട്ടിയ ഷുഹൈബിനെ കൊന്നത്, അവന്റെ ദേഹത്ത് പതിഞ്ഞ നാൽപത്തി രണ്ട് വെട്ടുകൾ ജനാധിപത്യത്തിനേറ്റ നാൽപത്തിരണ്ട് മുറിവുകളായി ഇന്നും അവശേഷിക്കുന്നു.