രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഛത്തീസ്ഗഢില്‍ പര്യടനം തുടരുന്നു

Jaihind Webdesk
Sunday, February 11, 2024

 

റായ്പുർ: രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഛത്തീസ്ഗഢിൽ പര്യടനം പുനഃരാരംഭിച്ചു. 26 ദിവസം പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രക്ക് ഹിന്ദി ഹൃദയ ഭൂമിയിലും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനഃരാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര ഛത്തീസ്ഗഢിലൂടെ 536 കിലോമീറ്റർ ആണ് സഞ്ചരിക്കുന്നത്. 26 ദിവസം പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ജനപങ്കാളിത്തം കൂടുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പിന്നിട്ട ന്യായ് യാത്ര ഹിന്ദി ഹൃദയ ഭൂമിയിലേക്ക് എത്തിയപ്പോഴും ജനങ്ങളുടെ പങ്കാളിത്തത്തിന് യാതൊരു കുറവുമില്ല.

അന്യായത്തിന്‍റെ ബിജെപി ഭരണകാലത്ത് ന്യായത്തിന് വേണ്ടി ഉള്ള യാത്രയാണ് രാഹുൽ ഗാന്ധി നയിക്കുന്നത്. ജാതി സെൻസസ് രാജ്യത്തിന്‍റെ പുരോഗതിക്ക് അനിവാര്യമാണ്. എന്നാൽ ജാതി സെൻസസ് നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാവില്ല. കാരണം അദ്ദേഹം ജനിച്ചത് മുന്നാക്ക വിഭാഗത്തിൽ ആണെന്ന രാഹുൽ ഗാന്ധിയുടെ വിമർശനം ബിജെപിയുടെ ഭിന്നിപ്പ് രാഷ്ട്രീയത്തിനെതിരെയുള്ള ഒളിയമ്പാണ്.

എല്ലാ വിഭാഗത്തിന്‍റെയും ഉന്നമനത്തിനു വേണ്ടിയാണ് ജാതി സെൻസസ് നടത്തണമെന്ന് ഞങ്ങൾ പറയുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജനുവരി 14 ന് മണിപ്പൂരിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6,713 കിലോമീറ്റർ പിന്നിട്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.