തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ എക്സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം വിശദീകരണ രേഖ. നേതാക്കളുടെ കുടുംബത്തിനു നേരെയുള്ള ആക്രമണത്തെ ന്യായീകരിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് രേഖ നല്കുന്ന നടപടി സിപിഎമ്മില്‍ തന്നെ അപൂർവ നടപടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കീഴ്ഘടകങ്ങൾക്കു നൽകിയ രേഖയിലാണ് എക്സാലോജിക്കിനെ ന്യായീകരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ പേരോ എക്സാലോജിക്കിനു പണം കൈമാറിയ സിഎംആർഎല്ലിന്റെ പേരോ രേഖയിൽ എടുത്തുപറയാതെയാണ് പരാമർശം. ‘മുഖ്യമന്ത്രിക്കെതിരെ’ എന്ന തലക്കെട്ടിന് താഴെയാണ് എക്സാലോജിക്കിനെ വെള്ളപൂശുന്ന വിശദീകരണം നല്‍കിയിരിക്കുന്നത്. ‘വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടുകള്‍’ എന്നാണ് രേഖയില്‍ പറയുന്നത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകൾ മെനയുന്ന രീതി കേന്ദ്ര ഏജൻസികളുടെയും അതുപോലുള്ള സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരിയാണെന്നും രേഖയിൽ പറയുന്നു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വീണയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് ഉറപ്പായതോടെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ഏജൻസികൾ കേസെടുത്തപ്പോൾ പാർട്ടി രേഖാമൂലം ഇത്തരത്തിൽ വിശദീകരണം നടത്തിയിരുന്നില്ല. കേസ് കേസിന്റെ വഴിക്കുപോകുമെന്നായിരുന്നു അന്ന് പാർട്ടിയുടെ നിലപാട്. നേതാക്കളുടെ കുടുംബത്തിനുനേരെ ഉയർന്ന ആരോപണം രേഖയിലൂടെ കീഴ്ഘടകങ്ങളിൽ വിശദീകരിക്കുന്നത് അപൂർവ നടപടിയാണ്.