കോട്ടയം: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വന്ദനയുടെ പിതാവ്. മകളുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് പിതാവ് പറഞ്ഞു.
20 തവണയാണ് കേസ് മാറ്റിവെച്ചത്. സർക്കാരിന്റെ ഭാഗത്തുനിന്ന് സിബിഐ അന്വേഷണത്തിന് എതിര്‍പ്പുണ്ടായി. സര്‍ക്കാര്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത്? ഇക്കാര്യം കോടതിയും സര്‍ക്കാരിനോട് ചോദിച്ചു. സത്യം പുറത്തുവരണം. ഇതിനായി കൃത്യമായ അന്വേഷണം വേണം. കേരളത്തിന് പുറത്തുള്ള ഏജന്‍സി വേണം അന്വേഷണം നടത്താനെന്നും വന്ദനയുടെ പിതാവ് പറഞ്ഞു.
കുത്തേറ്റ ഉടന്‍ തന്നെ മകള്‍ക്ക് ചികിത്സ ലഭിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. നാലര മണിക്കൂറോളം ചികിത്സ ലഭിച്ചില്ല. പ്രാഥമിക ചികിത്സ പോലും നല്‍കിയില്ല. ആക്രമണം നടന്നപ്പോള്‍ ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ല. പോലീസ് സാന്നിധ്യത്തിലായിരുന്നു കൊലപാതകം. 21ലധികം തവണ കുത്തേറ്റുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.