ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. ഇത് 38-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. കേസ് ഇനി മേയ് ഒന്നിന് പരിഗണിക്കും. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 3 പേരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി 2017 ഒക്ടോബറിൽ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ നല്‍കിയ അപ്പീലാണ് അനന്തമായി നീളുന്നത്.
കഴിഞ്ഞ ഒക്ടോബർ 31-നാണ് കേസ് അവസാനം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. വാദം നടക്കാതെ അന്നും കേസ് മാറ്റുകയായിരുന്നു. കേസിൽ കൂടുതൽ രേഖകൾ നൽകാനുണ്ടെന്നു കാരണം പറഞ്ഞു കക്ഷികൾ കേസ് മാറ്റിവെക്കാൻ അപേക്ഷ നൽകിത്തുടങ്ങിയതോടെ വാദം നീളുകയായിരുന്നു. അപ്പീൽ നൽകിയ സിബിഐ തന്നെ കേസ് മാറ്റി വെക്കണമെന്ന് പലതവണ ആവശ്യപ്പെട്ടു. അതിനിടെ കേസ് പരിഗണിച്ച ജഡ്ജിമാരായ എൻ.വി. രമണ, യു.യു. ലളിത്, എം.ആർ. ഷാ എന്നിവർ സുപ്രീം കോടതിയിൽനിന്നു വിരമിക്കുകയും ചെയ്തു. കേസിൽ മുൻ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ നൽകിയ അപ്പീൽ മേയ് 7നു പരിഗണിക്കുമെന്നും കോടതി പറഞ്ഞു. സുധീരന്‍റെ അപ്പീലിൽ ഇതുവരെയും നോട്ടീസ് ആകാത്തതിനാലാണ് പ്രത്യേകം പരിഗണിക്കുന്നത്.
ലാവലിൻ കമ്പനിക്ക് കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതു വഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസിലെ പ്രധാന ആരോപണം. കഴിഞ്ഞ ആറുവർഷമായി സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിൽ കാര്യമായി ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഏതെങ്കിലും അഭിഭാഷകരുടെ അസൗകര്യമോ മറ്റു കേസുകൾ നീണ്ടുപോയതോ കാരണം ഇത് മാറ്റിവെച്ചുകൊണ്ടിരുന്നു. അടുത്തിടെ രണ്ട് തവണ സിബിഐക്കുവേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്‍റെ അസൗകര്യം കണക്കിലെടുത്താണ് മാറ്റിവെച്ചത്.
പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെയാണ് ഹൈക്കോടതി 2017-ൽ കുറ്റവിമുക്തരാക്കിയത്. വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ കേസിൽ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു.