പരാമർശം അപക്വം, ജാഗ്രത കാട്ടിയില്ല; മന്ത്രി മുഹമ്മദ് റിയാസിന് സിപിഎം സെക്രട്ടേറിയറ്റില്‍ വിമർശനം

Jaihind Webdesk
Tuesday, February 6, 2024

 

തിരുവനന്തപുരം: റോഡ് നിര്‍മ്മാണ വിവാദത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനം. കടകംപള്ളി-റിയാസ് പോരിലാണ് സെക്രട്ടേറിയറ്റില്‍ വിമർശനം ഉയർന്നത്. ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന ധ്വനിയോടെയുള്ള മുഹമ്മദ് റിയാസിന്‍റെ പ്രസംഗം അപക്വമെന്ന് വിലയിരുത്തിയ സെക്രട്ടേറിയറ്റ് യോഗം, മന്ത്രിയെ അതൃപ്തി അറിയിച്ചു. പ്രസംഗത്തിൽ ജാഗ്രത പുലര്‍ത്തണമായിരുന്നു എന്ന പൊതു നിലപാടാണ് യോഗത്തില്‍ ഉയർന്നത്.

തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍റെ അഭിപ്രായ പ്രകടനവും അതിന് മറുപടിയെന്നോണം പൊതുവേദിയിൽ മന്ത്രി മുഹമ്മദ് റിയാസിന്‍റെ പ്രസംഗവും വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ജനജീവിതം ദുസഹമാക്കുന്ന തലസ്ഥാന നഗരത്തിലെ റോഡ് പണിയിലും അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും രൂക്ഷവിമര്‍ശനവുമായാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയത്. നഗരസഭ സംഘടിപ്പിച്ച വികസന സെമിനാറിലായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനെ വേദിയിലിരുത്തിയുള്ള കടകംപള്ളിയുടെ കടുത്ത വിമര്‍ശനം.

രണ്ടുമൂന്ന് പദ്ധതികള്‍ തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിക്കുന്നു. വര്‍ഷങ്ങളായി യാത്രസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നു. അമൃത് പദ്ധതിയുടെ ഭാഗമായി നടക്കുന്ന നിര്‍മ്മാണപ്രവൃത്തികള്‍ ജനങ്ങളെ തടവിലാക്കുന്ന സാഹചര്യമുണ്ട്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചുവര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ വേണ്ടത്ര വേഗത്തോടെ നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്ന പോരായ്മയുണ്ട്. നഗരസഭയുടെ പോരായ്മയാണെന്ന് പറയില്ല. കൗണ്‍സിലര്‍മാരുടെയോ നഗരസഭയ്ക്ക് നേതൃത്വം കൊടുക്കുന്നവരുടെയോ പോരായ്മയാണെന്നും പറയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെ കടകംപള്ളിയുടെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തുകയായിരുന്നു. കരാറുകാരെ തൊട്ടപ്പോൾ ചിലര്‍ക്ക് പൊള്ളിയെന്ന് കടകംപള്ളിയെ ലക്ഷ്യമിട്ട് മുഹമ്മദ് റിയാസ് പ്രസംഗിച്ചു. ഇതില്‍ സിപിഎം ജില്ലാ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം മുതിര്‍ന്ന നേതാക്കളിൽ മിക്കവരും റിയാസിന്‍റെ നടപടി തെറ്റെന്ന് വിലയിരുത്തിയിരുന്നു.