ധൂർത്തും സാമ്പത്തിക പ്രതിസന്ധിയും: അടിയന്തര പ്രമേയത്തിന് അനുമതി; ഉച്ചയ്ക്ക് 1 മണി മുതല്‍ ചർച്ച

Jaihind Webdesk
Tuesday, January 30, 2024

Kerala-Niyama-sabha

 

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി. റോജി എം. ജോണാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണിവരെയാണ് ചർച്ച. സർക്കാരിന്‍റെ കെടുകാര്യസ്ഥയും ധൂർത്തുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും കൂപ്പുകുത്തിച്ച് സംസ്ഥാനത്തെ പരിതാപകരമായ അവസ്ഥയിൽ എത്തിച്ച സർക്കാരിന്‍റെ കെടുകാര്യസ്ഥതയ്ക്കെതിരെ സഭയിൽ പ്രതിപക്ഷം ആഞ്ഞടിക്കും. ധനപ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാരിന്‍റെ എല്ലാ പ്രവർത്തനവും താളം തെറ്റിയിരിക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസിന്‍റെ വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. നികുതി ഭരണത്തിലെ കെടുകാര്യസ്ഥതയും ഐജിഎസ്ടി പിരിവ് കാര്യക്ഷമം അല്ലാത്തതും സ്വർണ്ണം, ബാർ എന്നിവയിൽനിന്ന് നികുതിപിരിക്കാന്‍ സർക്കാർ പരാജയപ്പെട്ടതും അഴിമതിയും ധൂർത്തുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണങ്ങളെന്ന് നോട്ടീസിൽ പറയുന്നു. പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദി രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.