ഇന്ന് രക്തസാക്ഷിത്വ ദിനം; മഹാത്മജിയുടെ മരിക്കാത്ത സ്മരണകളില്‍ രാജ്യം

Jaihind Webdesk
Tuesday, January 30, 2024

 

ഇന്ന് രക്തസാക്ഷിത്വ ദിനം. മാനവ സാഹോദര്യത്തിന്‍റെ ശാക്തീകരണത്തിനായുള്ള മഹായജ്ഞത്തിനിടയില്‍ മഹാത്മജി ജീവന്‍ ബലിയര്‍പ്പിച്ച ദിനം. കടന്നുവരുന്ന ഓരോ രക്തസാക്ഷി ദിനവും നമ്മോടാവാശ്യപ്പെടുന്നത് മനുഷ്യത്വത്തെ മുറുകെപ്പിടിക്കാനാണ്.

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മനുഷ്യന്‍ എക്കാലവും ലോകത്തിന് ഒരത്ഭുതമായിരുന്നു. നമ്മുടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും കഷ്ടപ്പെടുന്ന ജനസമൂഹത്തിനുമായി സ്വയം സമര്‍പ്പിതമായ വ്യക്തിത്വം. ആ കര്‍മ്മകാണ്ഡത്തെ ലോകം അത്ഭുതാദരങ്ങളോടെയാണ് നോക്കിക്കണ്ടത്. ചിതറിക്കിടന്നിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ ദാഹത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റിയ എളിയ മനുഷ്യന്‍. ഗാന്ധിജി എന്ന മഹാത്മാവിന്‍റെ സമരവീര്യത്തിലൂടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സിംഹഗര്‍ജനം മുഴക്കി ഇന്ത്യ സ്വാതന്ത്ര്യമെന്ന പ്രാണന്‍ സ്വായത്തമാക്കിയത്. തന്‍റെ ജീവിതംകൊണ്ട് ലോകത്തിനായി ഒട്ടേറെ സന്ദേശങ്ങള്‍ അദ്ദേഹം കരുതിവെച്ചു.

ഹിംസയെ അഹിംസയുടെ തെളിനാളം കൊണ്ട് ജയിക്കാമെന്ന സമരായുധം പ്രാവര്‍ത്തികമാക്കിയപ്പോള്‍ ലോകം ഗാന്ധിജിയെന്ന നേതാവിന്‍റെ ഹൃദയശക്തി കൂടിയാണ് തിരിച്ചറിഞ്ഞത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഹൃദയം സംഘര്‍ഷങ്ങളാല്‍ കലുഷിതമായപ്പോഴും മുറിവുണക്കാന്‍ മനുഷ്യത്വത്തിന്‍റെ ആ മൂര്‍ത്തീരൂപം അഹോരാത്രം പ്രയത്നിച്ചു. സത്യനിഷ്ഠയുടെ വഴിയില്‍ അനുഗാമിയില്ലാത്ത പഥികന്‍ ശത്രുവായി ആരെയും കണ്ടില്ല. എന്നിട്ടും മഹാത്മജിയുടെ നെഞ്ചിലേക്ക് നാഥുറാം വിനായക് ഗോഡ്സെയെന്ന അതിവൈകാരികതയുടെ നിറതോക്ക് തീ തുപ്പിയപ്പോള്‍ ഒരു രാഷ്ട്രത്തിന്‍റെ മനസൊന്നാകെയാണ് തേങ്ങിയത്.

മനുഷ്യത്വത്തിന്‍റെ മാത്രം വക്താവായ ഗാന്ധിയെന്ന മഹാനുഭാവനെ അതോടെ നിശബ്ദനാക്കാമെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. അതിവൈകാരികതയുടെ വിഷവിത്തുകള്‍ ഇന്ത്യയുടെ ഗ്രാമ്യഹൃദയങ്ങളെ മുറിവേല്‍പ്പിക്കാനൊരുങ്ങുമ്പോഴൊക്കെ ഗാന്ധിയെന്ന ഒറ്റനാമം കോടാനുകോടി ഹൃദയമന്ത്രങ്ങളായി ഉയരുന്നു. മഹാത്മാ ഗാന്ധി എന്ന മനുഷ്യന്‍ കേവലം ഒരു വ്യക്തിയല്ല, ഭാരതമെന്ന മഹാരാജ്യത്തിന്‍റെ വികാരം തന്നെയാണ്. എങ്കിലും 1948 ജനുവരി 30-ന് രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ആ മഹാത്മാവിന്‍റെ ആഗ്രഹത്തിനൊത്ത് ഉയരാന്‍ ഇന്നും നമ്മുടെ രാജ്യത്തിനായിട്ടില്ലെന്നത് ഒരു ഓർമ്മപ്പെടുത്തലായി നമ്മുടെ മുന്നിലുണ്ട്. മഹാത്മാവിന്‍റെ കരുത്തുറ്റ സ്മരണകള്‍ക്ക് മുന്നില്‍ കൂപ്പുകൈകളോടെ…