ഗവർണറുടെ സുരക്ഷാ വീഴ്ച; ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രം

Jaihind Webdesk
Saturday, January 27, 2024

 

ന്യൂഡല്‍ഹി/തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സുരക്ഷാ വീഴ്ചയില്‍ റിപ്പോർട്ട് തേടി കേന്ദ്രം. ചീഫ് സെക്രട്ടറിയോടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയത്. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്നും ഗവർണർ ആരോപിച്ചു.

ഇന്ന് കൊല്ലം നിലമേലില്‍ നടന്ന എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സുരക്ഷയ്ക്ക് തീരുമാനമായത്. കൊല്ലം നിലമേലിൽ പ്രതിഷേധക്കാർക്കും പോലീസിനും നേരെ രോഷാകുലനായി തെരുവിലിറങ്ങിയ ഗവർണർ മണിക്കൂറുകളോളം നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. പ്രതിഷേധക്കാർക്ക് എതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്‍റെ പകർപ്പ് കണ്ടു ബോധ്യപ്പെട്ടതിന് ശേഷമാണ് ഗവർണർ രണ്ടു മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചു മടങ്ങിയത്.

നിലമേലിലെ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ ഗവർണറുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗവർണറുമായി ഫോണില്‍ സംസാരിച്ചിരുന്നു. കേന്ദ്രം നിർദ്ദേശം നല്‍കിയതോടെ ഗവർണർക്ക് സുരക്ഷയൊരുക്കി കമാൻഡോ സംഘം എത്തി. എസ്എഫ്‌ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് സെഡ് പ്ലസ് സുരക്ഷ ഒരുക്കാന്‍ നിർദ്ദേശം നൽകിയത്.