ന്യൂഡല്‍ഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സെഡ് പ്ലസ് സുരക്ഷ ഒരുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശം.
എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിരന്തരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് കൊല്ലം നിലമേലില്‍ ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്ര നടപടി.
ഗവർണർക്കെതിരെ കേരളത്തിൽ എസ്എഫ്ഐയുടെ ഭാഗത്തുണ്ടാകുന്ന തുടർച്ചയായി ആക്രമണത്തിൽ രൂക്ഷമായ പ്രതികരണമാണ് ഗവർണർ ഉയർത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് എസ്എഫ്ഐയുടെ ആക്രമണം എന്നാണ് ഗവർണർ വാദിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി ഇന്നുണ്ടായ ആക്രമണത്തിൽ ഗവർണർ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഡിജിപി ക്കും പോലീസിനുമടക്കം വലിയ വിമർശനമാണ് ഗവർണർ ഉയർത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയുമായി ഗവർണർ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അടക്കം രാജ്ഭവനിൽ നിന്ന് വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഗവർണർക്ക് സിആർപിഎഫ് സെഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തരമ മന്ത്രാലയം തീരുമാനിച്ചത്. രാജ്ഭവനും സമാന സുരക്ഷ നല്‍കും.
55 സുരക്ഷാ സൈനികർക്കു പുറമേ 10 എൻഎസ്ജി കമാൻഡോകളും സുരക്ഷാ സംഘത്തില്‍ ഉണ്ടാവും. അതേസമയം
ഗവർണറെ കായികമായി ആക്രമിച്ച് വരുതിയിൽ കൊണ്ടുവരാനാണ് ശ്രമമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പ്രതികരിച്ചു.
കൊല്ലത്തെ സംഭവം പോലീസിന് മുൻകൂട്ടി അറിയാം. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും വി. മുരളീധരൻ
പറഞ്ഞു. അതേസമയം കേരളത്തിൽ മറ്റ് പ്രതിപക്ഷ പാർട്ടികളിലെ വിദ്യാർത്ഥി യുവജന പ്രവർത്തകരെ തല്ലി ഒതുക്കുന്ന പോലീസ് എന്തുകൊണ്ട് ഭരണപക്ഷ പ്രതിഷേധങ്ങളില്‍ ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിൽ അലംഭാവം കാട്ടുന്നു എന്ന വിമർശനമാണ് ഉയരുന്നത്.