തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ചോദ്യം ചെയ്യാന്‍ ഒടുവില്‍ നടപടി. കരിങ്കൊടി കാണിച്ചതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രനവര്‍ത്തകരെ ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ഗൺമാന് വളഞ്ഞിട്ട് ആക്രമിച്ചത്. തിങ്കളാഴ്ച്ച ഹാജരാകാൻ ഗൺമാൻ അനിൽകുമാറിനും സുരക്ഷാ സേനയിലെ എസ്. സന്ദീപിനും നോട്ടീസ് നൽകി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കേസെടുത്ത് ഒരു മാസം കഴിഞ്ഞാണ് സംഭവത്തിനെതിരെ പോലീസ് നടപടി എടുക്കുന്നത്.
കോടതി നിർദേശ പ്രകാരമായിരുന്നു പോലീസ് കേസെടുത്തത്. ഗൺമാൻ അനിൽകുമാറാണ് കേസിലെ ഒന്നാം പ്രതി. സുരക്ഷാസേനയിലെ എസ്.സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയിൽ കുറ്റം തെളിഞ്ഞാൽ എഴുവർഷം വരെ തടവ് ലഭിക്കും