“ഞങ്ങളുടെ പൂച്ച ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ കരയുന്നു”; അസം മുഖ്യമന്ത്രിയെ പരിഹസിച്ച് മല്ലികാർജുന്‍ ഖാർഗെ

Jaihind Webdesk
Sunday, January 21, 2024

 

ദിസ്പുർ: അക്രമങ്ങള്‍ അഴിച്ചുവിടുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. അസമില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരായ ആക്രമണങ്ങളെ കടുത്ത ഭാഷയില്‍ വിമർശിച്ച അദ്ദേഹം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ കടന്നാക്രമിച്ചു. ‘ഞങ്ങളുടെ പൂച്ച ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ കരയുകയാണെന്ന് ഹിമന്തയെ ലക്ഷ്യംവെച്ച് അദ്ദേഹം പരിഹസിച്ചു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ടൊന്നും കോണ്‍ഗ്രസിനെ ഭയപ്പെടുത്താനാവില്ലെന്നും മല്ലികാർജുന്‍ ഖാർഗെ വ്യക്തമാക്കി.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ഹിമന്ത് ബിശ്വ ശർമ്മയ്ക്കെതിരെ കടുത്ത ഭാഷയിലാണ് ഖാർഗെ പ്രതികരിച്ചത്. ബിജെപിയുടെ ഭയത്തില്‍ നിന്നാണ് ഇത്തരം പ്രകോപനങ്ങളെന്ന് മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു. “ഞങ്ങളുടെ പൂച്ച ഇപ്പോള്‍ ഞങ്ങള്‍ക്കെതിരെ കരയുകയാണ്. മുമ്പ് കന്യാകുമാരി മുതല്‍ കശ്മീർ വരെ ഭാരത് ജോഡോ യാത്ര നടത്തിയിരുന്നു. അന്ന് ഒരു കല്ലുപോലും ഒരു സ്ഥലത്തും യാത്രയ്ക്ക് നേരെ പതിച്ചില്ല. എന്നാല്‍ അസമില്‍ ഇത് സംഭവിക്കുന്നതിന് കാരണം ഹിമന്ത, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിഷ്യനായതുകൊണ്ടാണ്” – ഖാർഗെ കുറ്റപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദളിത്, പിന്നാക്ക വിഭാഗങ്ങളെ ഭയപ്പെടുത്തുകയാണ് ഹിമന്ത ചെയ്യുന്നത്. എന്നാല്‍ ഇത്തരം അക്രമങ്ങളും പ്രകോപനങ്ങളും കൊണ്ടൊന്നും കോണ്‍ഗ്രസിനെ ഭയപ്പെടുത്താനാവില്ലെന്ന് ഖാർഗെ വ്യക്തമാക്കി. ബ്രിട്ടീഷുകാരെപ്പോലും ഭയപ്പെടാത്ത പാർട്ടിയാണ് കോണ്‍ഗ്രസ് പിന്നെയാണോ ബിജെപി എന്നും അദ്ദേഹം ചോദിച്ചു

ഭാരത് ജോഡോ ന്യായ് യാത്രയുടെ വന്‍ ജനസ്വീകാര്യതയില്‍ ഭയന്ന ബിജെപി യാത്രക്കെതിരെ വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്. യാത്ര അസമില്‍ പ്രവേശിച്ചതുമുതല്‍ തന്നെ പലവിധത്തിലുള്ള പ്രകോപനങ്ങളാണ് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അസം മുഖ്യമന്ത്രിയുടെ അഴിമതികള്‍ രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയതിനു പിന്നാലെയാണ് യാത്രയ്ക്കെതിരെ ആക്രമണം ശക്തമായത്. യാത്രയ്ക്കെതിരെ കേസെടുക്കുകയും പിന്നീടിങ്ങോട്ട് പല സ്ഥലങ്ങളിലായി വാഹനവ്യൂഹം ആക്രമിക്കപ്പെടുകയും ചെയ്തു.

കഴിഞ്ഞ ദിവസം യാത്രയ്ക്ക് നേരെ ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞിരുന്നു. കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇന്നും വാഹനവ്യൂഹം വഴിയില്‍ തടയുകയും ചില്ലുകള്‍ തകർക്കുകയും ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് സഞ്ചരിച്ച വാഹനമാണ് ബിജെപി പ്രവർത്തകർ തടയുകയും ചില്ലുകള്‍ തകർക്കുകയും ചെയ്തത്. തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി സഞ്ചരിച്ച ബസിനുനേരെയും ആക്രമണമുണ്ടായി. കാവി കൊടികളുമായെത്തിയ ബിജെപി പ്രവർത്തകർ ജയ് ശ്രീരാം, ജയ് മോദി മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ബസിന് അടുത്തേക്ക് പാഞ്ഞടുത്തത്. എന്നാല്‍ മുദ്രാവാക്യം വിളികളുമായി എത്തിയ അക്രമകാരികള്‍ക്ക് നടുവിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിച്ചെന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് തിരിച്ച് ബസിലേക്ക് കയറ്റി. തുടർന്ന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് രംഗം ശാന്തമാക്കിയത്.

യാത്ര അസമിലേക്ക് പ്രവേശിച്ച ദിവസം മുതൽ തന്നെ മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയുടെ ഭാഗത്തുനിന്നും സർക്കാരിന്‍റെ ഭാഗത്തുനിന്നും യാത്രയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു. എട്ടു ദിവസമാണ് അസമിലൂടെ ന്യായ് യാത്ര കടന്നു പോകുന്നത്. യാത്രയെ ഭയക്കുന്നതുകൊണ്ടാണ് ബിജെപി ഇത്തരത്തില്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നതെന്നും ഇതൊന്നും കണ്ട് പിന്നോട്ടു പോകില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എന്തൊക്കെ സംഭവിച്ചാലും രാജ്യത്ത് നീതി ഉറപ്പാക്കാനായി നടത്തുന്ന ചരിത്ര യാത്ര അതിന്‍റെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളും വ്യക്തമാക്കി.