തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി മാനിഫെസ്റ്റോ കമ്മിറ്റി അംഗവുമായ ഡോ. ശശി തരൂര്‍ എംപിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമാണ് പൊതുജനാഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചത്.
പതിവുകളിൽ നിന്ന് വിഭിന്നമായി സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും
സ്വാംശീകരിച്ചുകൊണ്ട് ജനകീയ പ്രകടനപത്രിക തയാറാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നും ഇത്തരത്തിൽ സമാഹരിക്കുന്ന ക്രിയാത്മക നിർദേശങ്ങൾ ക്രോഡീകരിച്ച് ഫെബ്രുവരി പകുതിയോടെ കോൺഗ്രസിന്റെ ജനകീയ മാനിഫെസ്റ്റോ പുറത്തിറക്കുമെന്ന് ശശി തരൂർ എംപി പറഞ്ഞു.
കാർഷിക മേഖലയുടെ ഉന്നതിക്ക് പ്രമുഖ്യം നൽകുന്നതും കർഷക പ്രതിസന്ധിയ്ക്കും പരിഹാരം കണ്ടെത്തുന്നതുമായ ക്രിയാത്മക പദ്ധതികൾക്ക് കോൺഗ്രസ് പ്രകടന പ്രതികയിൽ ഏറ്റവും പ്രധാന്യം നൽകണമെന്നാവശ്യമാണ് നിർദ്ദേശങ്ങൾ സമർപ്പിച്ച പ്രമുഖ വ്യക്തികൾ ഒന്നടങ്കം ആവശ്യപ്പെട്ടത്. പരിസ്ഥിതി പ്രവർത്തകനായ സി.ആർ. നീലകണ്ഠനും സാമ്പത്തിക വിദഗ്ധ മേരി ജോർജും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും കാർഷിക മേഖലയുടെ സംരക്ഷണത്തിനുള്ള ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവെച്ചു. മുമ്പുണ്ടായിരുന്ന റെയിൽവേ ബഡ്ജറ്റ് മാതൃകയിൽ ഒരു കാർഷിക ബഡ്ജറ്റ് തന്നെ അവതരിപ്പിച്ചു കർഷക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തണമെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ് ആവശ്യപ്പെട്ടു.
ചികിത്സാ ചിലവുകൾ നിയന്ത്രിക്കുന്നതിനും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികൾ, തൊഴിലില്ലായ്മ,
വയോജന സംരക്ഷണം, വനാവകാശ നിയമ പരിഷ്കരണം, വിദ്യാഭ്യാസ കായിക മേഖല പരിഷ്കരണം പ്രവാസി സംരക്ഷണം ഉൾപ്പെടെ ഒട്ടനവധി നിർദ്ദേശങ്ങൾ ആണ് ചർച്ചയിൽ ഉയർന്നത്. ഒട്ടനവധി വ്യക്തികളും സംഘടനകളും ക്രിയാത്മകമായ നിർദ്ദേശങ്ങൾ മാനിഫെസ്റ്റോ സമിതിക്ക് സമർപ്പിച്ചു.
https://www.facebook.com/JaihindNewsChannel/videos/1049674526311212