തിരുവനന്തപുരം: കമ്പനി നിയമപ്രകാരം കള്ളപ്പണം വെളുപ്പിച്ചെടുക്കാനുള്ള കടലാസു കമ്പനിയാണ് എക്സാലോജിക്കെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി മാത്യു കുഴൽനാടൻ എംഎല്എ. എന്നാൽ സിപിഎം ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നതിൽ അദ്ഭുതം തോന്നുകയാണ്. പിണറായി വിജയന്റെ പേര് ഉച്ചരിക്കാൻ സിപിഎമ്മിന് ഭയമാണ്. വീണയോ മുഖ്യമന്ത്രിയുടെ കുടുംബമോ എന്തുതന്നെ ചെയ്താലും അതിന് ഓശാരം പാടി നിൽക്കാൻ മാത്രമേ ഇപ്പോഴത്തെ സിപിഎമ്മിനു കഴിയുകയുള്ളൂവെന്നും മാത്യു കുഴല്നാടന് കുറ്റപ്പെടുത്തി.
“എക്സാലോജിക്കുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ തന്നെ ഞാൻ ചിലകാര്യങ്ങൾ പറഞ്ഞിരുന്നു. അന്ന് കേവലം രാഷ്ട്രീയ ആരോപണം, അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ മകളെ പറയുന്നു എന്ന നിലയിലാണ് പ്രചരിപ്പിച്ചത്. എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം കേവലം കടലാസ് കമ്പനിയുടെ രൂപത്തിലാണെന്നു പറഞ്ഞപ്പോൾ അന്ന് അധികമാരും മുഖവിലയ്ക്കെടുത്തില്ല. ഇന്ന് കമ്പനി ആക്ടു പ്രകാരം ഒരു കമ്പനിയുടെ പ്രവർത്തനത്തെ ആധികാരികമായി പരിശോധിക്കാൻ കഴിയുന്ന റജിസ്ട്രാർ ഓഫ് കമ്പനീസ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ ഇത് അഴിമതിപ്പണമോ കള്ളപ്പണമോ വെളുപ്പിച്ചെടുക്കുന്ന കമ്പനിയാണെന്ന നിലയ്ക്ക് അവർ വിലയിരുത്തിയിട്ടുണ്ട്”– മാത്യു കുഴൽനാടൻ പറഞ്ഞു.
പിണറായി വിജയന്റെ പേരെടുത്ത് പറയാൻ എന്ത് അധികാരം എന്ന് ഇ.പി. ജയരാജൻ ചോദിച്ചത് പിണറായിയുടെ പേര് ഉച്ചരിക്കാൻ ഭയക്കുന്ന പാർട്ടിയാണ് സിപിഎം എന്നതു കൊണ്ടാണെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. സിപിഎം പോലൊരു പാർട്ടി തെറ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കുകണ്. വീണയോ മുഖ്യമന്ത്രിയുടെ കുടുംബമോ എന്തുതന്നെ ചെയ്താലും അതിന് ഓശാരം പാടി നിൽക്കാൻ മാത്രമേ ഇപ്പോഴത്തെ സിപിഎമ്മിനു കഴിയുകയുള്ളൂ. പിണറായി വിജയന് മുമ്പിൽ സിപിഎം കീഴടങ്ങിയിരിക്കുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.