രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി; ഹർജിക്കാരന് 1 ലക്ഷം രൂപ പിഴ

Jaihind Webdesk
Friday, January 19, 2024

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന്‍ അശോക് പാണ്ഡെയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു. കോടതിയുടെ സമയം പാഴാക്കിയെന്നും ഇത്തരം പരാതികളുമായി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും സുപ്രീം കോടതി താക്കീത് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചത്. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. ഹർജിക്കാരൻ അശോക് പാണ്ഡെയ്ക്ക് ഒരു ലക്ഷം രൂപ പിഴയും ഈടാക്കി. കോടതിയുടെ സമയം പാഴാക്കിയതിനാണ് പിഴയിട്ടത്. ഇത്തരം നിസാര ഹര്‍ജികളുമായി വരരുതെന്ന് സുപ്രീം കോടതി ഹര്‍ജിക്കാരനെ താക്കീത് ചെയ്തു.

2019ലെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ മാര്‍ച്ച് 24-നാണ് രാഹുലിന്‍റെ ലോക്സഭാ അംഗത്വം റദ്ദാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. മാസങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടത്.