മാസപ്പടി കേസ്: കോടതി നിരീക്ഷണത്തില്‍ സിബിഐയും ഇഡിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, January 18, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐയും ഇഡിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എക്സാലോജിക് സംബന്ധിച്ച മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് തെളിയുകയാണെന്നും ഒരു സേവനവും നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി പണം കൈപ്പറ്റിയതെന്ന് വ്യക്തമായതായും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഗുരുതരമായ കള്ളപ്പണ ഇടപാട് ആരോപണങ്ങൾ ഉയർന്നിരിക്കുന്ന മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കേസ് ഇഡിയും സിബിഐയും അന്വേഷിക്കണം. ഇത്തരമൊരു കേസ് കോർപ്പറേറ്റ് മന്ത്രാലയം അന്വേഷിക്കുന്നത് സിപിഎം സംഘപരിവാർ അന്തർധാരയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് തെളിയുകയാണ്. ഒരു സേവനവും നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി പണം കൈപ്പറ്റിയതെന്ന് വ്യക്തമായെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കരുവന്നൂരും മാസപ്പടിയും തൃശൂര്‍ പാര്‍ലമെന്‍റ് സീറ്റ് വച്ചുള്ള സിപിഎം-ബിജെപി ഒത്തുതീര്‍പ്പില്‍ അവസാനിക്കും. എന്നാൽ ബിജെപി ഒരു സീറ്റില്‍ പോലും ജയിക്കില്ലെന്ന് യുഡിഎഫ് ഉറപ്പ് വരുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജ്യോതി ബസുവിന്‍റെ അനുസ്മരണം പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയത്. വിനീത വിധേയനെ പോലെ ഇരട്ട ചങ്കൻ എന്നു വിളിപേരുള്ളയാൾ പ്രധാനമന്ത്രിക്ക് മുന്നിൽ നിൽക്കുന്ന ദൃശ്യം മനസിരുത്തി നോക്കിയാല്‍ അതില്‍ ഒരു സന്ദേശമുണ്ടെന്ന് വ്യക്തമാകുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.