തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധ ജ്വാല ഉയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തി. നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്ത പോലീസിന്റെയും സർക്കാരിന്റെയും രാഷ്ട്രീയ പകപോക്കലിനെതിരെയുള്ള യുവജന രോഷം മാർച്ചിൽ അലയടിച്ചു.
രാജ്ഭവന് സമീപത്തു നിന്നാണ് ശക്തമായ പ്രതിഷേധവുമായി നൂറു കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. കേരളത്തെ കലാപകേന്ദ്രം ആക്കാനുള്ള ആസൂത്രിതമായ നീക്കം മുഖ്യമന്ത്രി തന്നെ നടത്തുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് നേതാക്കളായ അബിൻ വർക്കി, നേമം ഷജീർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ശക്തമായ യുവജന പ്രതിഷേധം ഉയർത്തിയശേഷം പ്രവർത്തകർ സമാധാനപരമായി മാർച്ച് അവസാനിപ്പിച്ച് മടങ്ങി.