രാഹുലിന്‍റെ ജാമ്യാപേക്ഷ ജനുവരി 17 ന് പരിഗണിക്കും

Jaihind Webdesk
Thursday, January 11, 2024

 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ നല്‍കിയ ജാമ്യാപേക്ഷ ജനുവരി 17-ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടെടുത്ത കേസിലാണ് അതി നാടകീയമായി രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് വീടുകയറി അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ 5.30ന് അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിലെത്തിയ പോലീസ് ഉറങ്ങുകയായിരുന്ന രാഹുലിനെ വിളിച്ചുണർത്തി അമ്മയുടെയും ചേച്ചിയുടെയും മുന്നിൽവെച്ചാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ രാഹുലിന്‍റെ ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തതിനു പിന്നാലെ പൂജപ്പുര ജില്ലാ ജയിലിലേക്കു മാറ്റി. തുടർന്നാണ് രാഹുല്‍ ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.

നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഡിസംബർ 20-ന് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ അക്രമത്തിനു നേതൃത്വം കൊടുത്തു, തടയാൻ രാഹുൽ ശ്രമിച്ചില്ല, പൊതുമുതൽ നശിപ്പിച്ചു എന്നിവയാണ് രാഹുലിനെതിരായ കുറ്റങ്ങൾ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒന്നാം പ്രതിയായ കേസിൽ നാലാം പ്രതിയാണു രാഹുൽ. ഷാഫി പറമ്പില്‍, എം. വിന്‍സന്‍റ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

അതേസമയം രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഭാഗമായുള്ള രാഹുലിന്‍റെ അറസ്റ്റിനെതിരെ അതിശക്തമായ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും.