പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീടുകയറി അറസ്റ്റ് ചെയ്ത് പോലീസ്. നവകേരള സദസിന്റെ പേരിൽ ഡിവൈഎഫ്ഐ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചില്‍ എടുത്ത കേസിലാണ് അറസ്റ്റ്. രാഹുലിന്റെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.
ചൊവ്വാഴ്ച പുലർച്ചെ പത്തനംതിട്ട അടൂരില്‍ വെച്ചാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്. സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംഎൽഎയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളാണ്. നേരത്തെ 24 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.