ഭാരത് ന്യായ് യാത്രയുടെ പേര് മാറ്റി. രാഹുൽ ഗാന്ധി നടത്താനിരിക്കുന്ന ഭാരത് ന്യായ് യാത്രയുടെ പേര് മാറ്റി ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി പരിഷ്കരിച്ചു. പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണവും കൂട്ടി. 14 സംസ്ഥാനങ്ങളിലായിരുന്നു പര്യടനം നടത്താനിരുന്നത്. എന്നാല്‍ അത് 15 സംസ്ഥാനങ്ങളാക്കി മാറ്റിയിട്ടുണ്ട്. അരുണാചൽ പ്രദേശ് ആണ് പുതുതായി ഉൾപ്പെടുത്തിയ സംസ്ഥാനം. 110 ജില്ലകൾ, 100 ലോക്സഭാ സീറ്റുകൾ, 337 നിയമസഭാ സീറ്റുകൾ എന്നിവിടങ്ങളിലാണ് യാത്ര. മൊത്തം സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററിൽ നിന്ന് 6,700 കിലോമീറ്ററായി ഉയർത്തി.
ഈ മാസം 14-നാണ് ഭാരത് ന്യായ് യാത്ര മണിപ്പൂരിലെ ഇംഫാലിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരില്‍ നിന്നും ആരംഭിച്ച് 15 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മണിപ്പൂര്‍, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.