ന്യൂഡല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തെ സര്‍ക്കാരിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ ബിജെപി വൈകാരിക വിഷയങ്ങള്‍ ഉയര്ത്തുകയാണന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി നടത്തുന്ന നുണകള്‍ക്കും വഞ്ചനകള്‍ക്കും നെറികേടുകള്‍ക്കും ഒറ്റക്കെട്ടായി തക്കതായ മറുപടി നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. എഐസിസി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഷയത്തിലും കോണ്‍ഗ്രസിനെ അവര്‍ ബോധപൂര്‍വം കക്ഷിചേര്‍ക്കാൻ ശ്രമിക്കുകയാണ്. ബിജെപിയുടെ അഹങ്കാരത്തിനും നുണപ്രചാരണത്തിനും അല്‍പ്പായുസ് മാത്രമേയുള്ളൂ എന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കഠിനമായി അധ്വാനിച്ചാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയും. താഴേത്തട്ടുവരെ ശക്തമായ കേഡറും അടിത്തറയും പ്രത്യയശാസ്ത്രവുമുള്ള പാര്‍ട്ടികള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യ സഖ്യം. ദേശീയ സഖ്യസമിതി സംസ്ഥാന ഘടകങ്ങളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ചര്‍ച്ച നടത്തിവരികയാണ്. ഇന്ത്യ മുന്നണിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം പത്തോളം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യ ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിന്റെ സംഭാവന അവഗണിക്കാന്‍ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു. ചരിത്രം മറക്കുന്നവര്‍ക്ക് ചരിത്രം സൃഷ്ടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.