സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിൽ തടസവാദങ്ങൾ ഉന്നയിച്ച് ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട്. പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടു നൽകുന്നത് ഭാവി റെയിൽവേ വികസനത്തെയും വേഗം കൂട്ടലിനെയും ബാധിക്കും. കൂടാതെ പദ്ധതി ചെലവ് അധിക സാമ്പത്തിക ബാധ്യതവരുത്തുമെന്നും ദക്ഷിണ റെയിൽവേ റിപ്പോർട്ട്. സില്‍വര്‍ ലൈനിന് ചുവപ്പ്കൊടിയുമായി ദക്ഷിണറെയില്‍വേ റെയിൽവേ ബോർഡിന് റിപ്പോർട്ട് കൊടുത്തത് പിണറായി സർക്കാരിന് കനത്ത തിരിച്ചടിയായി മാറി.
പദ്ധതിക്കെതിരെ ശക്തമായ തടസവാദങ്ങൾ ഉന്നയിച്ചു കൊണ്ടാണ്ദക്ഷിണ റെയിൽവേ റെയിൽവേ ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 183 ഹെക്ടർ റെയിൽവേ ഭൂമിയാണ് പദ്ധതിക്കായി റെയിൽവേ വിട്ടുനൽകേണ്ടത്. ഈ ഭൂമി വിട്ടുകൊടുക്കുന്നത് ഭാവി റെയിൽവേ വികസനത്തെയും ടെയിനുകളുടെ വേഗം കൂട്ടലിനെയും സാരമായി ബാധിക്കുമെന്നാണ് ദക്ഷിണ റെയിൽവേയുടെ പ്രധാന വാദം. അലൈൻമെന്റ് അന്തിമമാക്കിയപ്പോൾ മതിയായ ചർച്ച നടത്തിയില്ലെന്ന് റിപ്പോർട്ടിൽ ദക്ഷിണ റെയിൽവേ കുറ്റപ്പെടുത്തുന്നു. പദ്ധതി ട്രെയിൻ സർവീസിനും റെയിൽവേ നിർമ്മിതികൾക്കും ഉണ്ടാക്കുന്ന
ആഘാതങ്ങളും പരിഗണിച്ചില്ലെന്ന ഗുരുതര കുറ്റപ്പെടുത്തലോടെയാണ് റിപ്പോർട്ട് തയ്യറാക്കിയിരിക്കുന്നത്. സംയുക്ത പദ്ധതി ആയതിനാൽ പദ്ധതി ചെലവിന്റെ പകുതി റെയിൽവേ വഹിക്കേണ്ടി വരും ഇത് അധിക സാമ്പത്തിക ബാധ്യതവരുത്തുമെന്നും റിപ്പോർട്ട് പറയുന്നു.
പദ്ധതിക്ക് വിഭാവന ചെയ്തിരിക്കുന്ന സ്റ്റാൻഡേർഡ് ഗേജ് നിലവിലെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ല. ഇത് ഏറ്റവും വലിയ പോരായ്മയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.കോഴിക്കോട്ടും കണ്ണൂരും
സിൽവർ ലൈൻ സ്റ്റേഷൻ നിർമിക്കാൻ നിശ്ചയിച്ച സ്ഥലം റെയിൽവേ മറ്റ് പദ്ധതികൾക്കായി നിശ്ചയിച്ചിട്ടുള്ളതാണ്. ഈ ഭൂമി വിട്ടു നൽകുന്നത് റെയിൽവേയുടെ വലിയ വികസനത്തിന് തടസ്സമാകും. പദ്ധതിക്കായി റെയില്‍വേ നിര്‍മിതികള്‍ പുനര്‍ നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.