ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പെൺകുട്ടികളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടമെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഗുസ്തി താരങ്ങള്‍ പുരസ്കാരം തിരികെ നല്‍കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുരസ്കാരങ്ങളേക്കാൾ രാജ്യത്തെ പെൺകുട്ടികൾക്ക് വലുത് ആത്മാഭിമാനമെന്ന് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. പ്രധാനമന്ത്രിയെ സ്വയം പ്രഖ്യാപിത ബാഹുബലിയെന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പ്രധാനമന്ത്രി രാജ്യത്തിന്റെ കാവൽക്കാരനാണ്, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച ഗുസ്തി താരം വിനേഷ് ഫോഗട്ട് അർജുന അവാർഡും ഖേൽ രത്ന പുരസ്കാരവും തിരിച്ചേൽപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ പുരസ്കാരങ്ങൾ വെച്ച് താരം മടങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ കൂടി പങ്കുവച്ചാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
ഇതിനു മുമ്പ് മെഡൽ തിരിച്ചേൽപ്പിച്ച ഗുസ്തി താരം ബജ്രംഗ് പുനിയയെ രാഹുൽ ഗാന്ധി നേരിൽക്കണ്ട് സംസാരിച്ചിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിനേഷ് ഫോഗട്ട് മെഡലുകൾ തിരികെയേൽപ്പിച്ചത്.