തിരുവനന്തപുരം: രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. കെ.പി.സി.സി എക്സിക്യുട്ടീവ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദീപാ ദാസ്.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് തീരുമാനമെടുക്കും. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന വാർത്താസമ്മേളനത്തിൽ അക്കാര്യം അറിയിക്കുമെന്നും തീരുമാനം വൈകുന്നില്ലെന്നും മറ്റ് പല കാര്യങ്ങളും ചെയ്ത് തീർക്കാനുണ്ടെന്നും ദീപാ ദാസ് പറഞ്ഞു. അതേസമയം, എക്സിക്യുട്ടീവ് സമിതി യോഗത്തിൽ രാമക്ഷേത്ര വിഷയം ആരും ഉയർത്തിയില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നും ദീപാ ദാസ് കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുക എന്നതാണ് വിജയമന്ത്രം. ആ മന്ത്രം എപ്പോഴും കോൺഗ്രസിനൊപ്പമുണ്ട്. തെലങ്കാനയിൽ പരീക്ഷിച്ച് വിജയിച്ച വിജയമന്ത്രമാണതെന്നും അവർ വ്യക്തമാക്കി.