വയനാട്: നീർവാരം അമ്മാനിയിൽ പുള്ളിപ്പുലി പരിക്കേറ്റ നിലയിൽ കണ്ടെത്തി. തോട്ടിൽ വീണുകിടക്കുന്ന നിലയിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടി. മുത്തങ്ങയിൽ നിന്നുള്ള ആർആർടി സംഘവും സ്ഥലത്തെത്തിയതിനു ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. പുലിയെ ചികിത്സയ്ക്കായി കുപ്പാടിയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. അസുഖം ബാധിച്ച പുലിയാണെന്ന് സംശയമുണ്ട്.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് ഭയപ്പാടിലാണ് ജനങ്ങള്‍.നീർവാരം, അമ്മാനി, ദാസനക്കര, മുക്രമൂല, മണൽവയൽ പ്രദേശങ്ങളിലെല്ലാം കാട്ടാനശല്യത്താൽ ജനം പെറുതിമുട്ടിയിരിക്കുകയാണ്. കാട്ടാനകൾക്ക് പുറമേ, കാട്ടുപന്നി, മയില്‍, കുരങ്ങ് തുടങ്ങിയവയുടെ ശല്യവും പ്രദേശത്ത് ഏറുകയാണ്. കർഷകരെയാണ് വന്യമൃഗശല്യം ഏറെ ബാധിക്കുന്നത്. അതേസമയം വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാതെ വനംവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്.