പുതുക്കോട്ടയില്‍ വാഹനാപകടം: അഞ്ച് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം; 19 പേർക്ക് പരിക്ക്

Jaihind Webdesk
Saturday, December 30, 2023

 

പുതുക്കോട്ട: തമിഴ്‌നാട്ടിൽ അപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു. പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. അപകടത്തില്‍ 19 പേർക്ക് പരിക്കേറ്റു.

സിമന്‍റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട്‌ തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തൃച്ചി-രാമേശ്വരം ദേശീയ പാതയില്‍ നമനസമുദ്രം പോലീസ് സ്‌റ്റേഷന്‍റെ എതിര്‍വശത്താണ് അപകടമുണ്ടായത്‌. തീര്‍ത്ഥാടകര്‍ ചായ കുടിച്ചുനില്‍ക്കവെയാണ് അപകടം.

തിരുവള്ളൂർ സ്വദേശികളാണ് അപകടത്തിൽ മരിച്ചതെന്നാണ് വിവരം. കാറുകളും വാനുമായി മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ പുതുക്കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.