മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

Jaihind Webdesk
Saturday, December 30, 2023

 

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ഇന്ന് വൈകുന്നേരം അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം നട തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നടതുറക്കും.

മേൽശാന്തി ആഴിയിൽ അഗ്നി പകരും. അതിനുശേഷം തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി ദർശനം അനുവദിക്കും.
മണ്ഡലപൂജകൾക്കു ശേഷം ഇക്കഴിഞ്ഞ 27 ന് രാത്രി 11 ന് ഹരിവരാസനം പാടി നട അടച്ചിരുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും.

ജനുവരി 15നാണ് മകരവിളക്ക്. അന്നു വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകുന്നേരം അഞ്ചിനാണ് അന്ന് നട തുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും.

15, 16, 17, 18, 19 തിയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19 വരെ മാത്രമേ തീർത്ഥാടകർക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. 19-ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം നട അടയ്ക്കും.