തൃശൂർ: ഇന്ത്യൻ തൊഴിലാളികളുടെ ശത്രുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മമതാ ബാനർജിയുടെ സർക്കാരിനേക്കാൾ ബംഗാളിൽ ഇടതുമുന്നണി ഭരണമായിരുന്നു നല്ലതെന്ന അമിത് ഷായുടെ അഭിപ്രായം കേരളത്തിലെ പിണറായി സർക്കാർ മോദി പറയുന്നത് അനുസരിക്കുന്ന സർക്കാരാണെന്ന് തെളിയിക്കുന്നുവെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. തൃശൂരിൽ ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ മമതാ ബാനർജിയെക്കാൾ ഇടതു മുന്നണി ഭരണമായിരുന്നു ഭേദമെന്ന് പറഞ്ഞ് അമിത് ഷാ മനസ് തുറന്നതോടെ ഒരു കാര്യം വ്യക്തമായതായി കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. മോദിയും അമിത് ഷായും പറയുന്നത് നടപ്പാക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി ദ്രോഹ സർക്കാരെന്ന റെക്കാർഡ് നേടാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം കേന്ദ്ര സർക്കാർ സ്വകാര്യവത്കരിക്കുകയും അദാനിക്ക് വിറ്റഴിക്കുകയും ചെയ്തു. തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതി തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കിയ നരേന്ദ്ര മോദി ഇന്ത്യൻ തൊഴിലാളികളുടെ ശത്രുവാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കരിങ്കൊടി പ്രതിഷേധക്കാരെ തല്ലി ഒതുക്കിയ ഗൺമാൻ ഉൾപ്പടെ ഉള്ളവർക്ക് സ്തുത്യർഹ സേവനത്തിന് അവാർഡ് നൽകിയ മുഖ്യമന്ത്രിയുടെ നടപടിയിൽ കേരള ജനത ലജ്ജിക്കുന്നു. മോദിക്ക് ഒപ്പം തന്നെ പിണറായിയും തൊഴിലാളി വിരുദ്ധതയുടെ കാര്യത്തിൽ മുന്നിലാണെന്നും കെ.സി. വേണുഗോപാൽ ഓർമ്മിപ്പിച്ചു.