കണ്ണൂർ: അയ്യൻകുന്ന് ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ടെന്ന് പോസ്റ്റർ. നവംബർ 13 ന് നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടതായാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നത്. പകരം വീട്ടുമെന്നും മാവോയിസ്റ്റ് പോസ്റ്ററിൽ മുന്നറിയിപ്പുണ്ട്.
‘ഗ്രാമങ്ങളെ ചുവപ്പണിയിക്കാന്‍ സ്വന്തം ജീവന്‍ സമര്‍പ്പിച്ച മാവോയിസ്റ്റ് വനിതാ ഗറില്ല കവിതയ്ക്ക് ലാല്‍ സലാം’, ‘പുത്തന്‍ ജനാധിപത്യ ഇന്ത്യക്കായി പൊരുതി മരിച്ച കവിതയ്ക്ക് ലാല്‍സലാം, ‘രക്തകടങ്ങള്‍ രക്തത്താല്‍ പകരം വീട്ടും’- എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികള്‍.
കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാന്‍ പശ്ചിമഘട്ടത്തെ ഒരുക്കിയെടുക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ആസൂത്രിത നീക്കമാണ് കവിതയുടെ കൊലപാതകമെന്ന് പോസ്റ്ററില്‍ പറയുന്നു. കൊലയാളികള്‍ക്കെതിരെ ആഞ്ഞടിക്കാനും സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററില്‍ ആഹ്വാനമുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് തിരുനെല്ലിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആറംഗ സംഘമെത്തിയാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് വിവരം.
നേരത്തെ പോലീസും മാവോവാദികളും തമ്മില്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടുവെച്ച് ഏറ്റുമുട്ടലുണ്ടായിരുന്നു. പ്രദേശത്ത് രക്തപ്പാടും ആയുധങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ എട്ടംഗ മാവോയിസ്റ്റ് സംഘത്തിലെ പരിക്കേറ്റതോ അല്ലാത്തതോ ആയ ആരെയും അന്ന് കണ്ടെത്തിയിരുന്നില്ല.