മുതലപ്പൊഴി അപകടങ്ങള്‍ക്ക് പിന്നില്‍ അശാസ്ത്രീയ പുലിമുട്ട് നിർമ്മാണം; സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് പൂനെ സിഡബ്ല്യുപിആർഎസ്

Jaihind Webdesk
Friday, December 29, 2023

 

തിരുവനന്തപുരം: അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാക്കുന്നതെന്ന് പഠന റിപ്പോർട്ട്. തെക്കൻ പുലിമുട്ടിന്‍റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും ഉൾപ്പെടെയുള്ള
നിർദേശത്തോടെ പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

അപകടങ്ങൾ തുടർക്കഥയായ തിരുവനന്തപുരം മുതലപ്പൊഴിയിലെ അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണത്തിനും സർക്കാരിന്‍റെ അനാസ്ഥയ്ക്കുമെതിരെ വ്യാപക പരാതി ഉയർന്നതോടെയാണ് വിദഗ്ധ സംഘത്തെ പഠനത്തിനായി നിയോഗിച്ചത്. അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് അറുപതിലധികം മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണമെന്നാണ് വിദഗ്ധസമിതി കണ്ടെത്തിയിരിക്കുന്നത്.

അപകടങ്ങൾ തുടർക്കഥയായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പൂനെ സെന്‍ട്രല്‍ വാട്ടർ ആന്‍റ് പവർ റിസർച്ച് സെന്‍ററിനെ (CWPRS) മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ചത്. പുലിമുട്ട് നിർമ്മാണങ്ങളിലെ പോരായ്മകളാണ് അപകടകാരണമെന്ന് കണ്ടെത്തിയ വിദഗ്ധ സമിതി തെക്കൻ പുലിമുട്ടിന്‍റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. മൺസൂൺ, പോസ്റ്റ് മൺസൂൺ സീസണുകൾ പഠിച്ചതിനു ശേഷമാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്. പുലിമുട്ടുകളുടെ നിലവിലെ അലൈന്മെന്‍റിൽ പോരായ്മകളുണ്ടെന്നാണ് പ്രധാന കണ്ടെത്തൽ. നിലവിലെ അലൈന്‍റ്മെന്റ് തുടർന്നാൽ മൺസൂൺ കാലത്ത് അപകടം ഉറപ്പാണെന്നും റിപ്പോർട്ടിലുണ്ട്.

പെരുമാതുറ ഭാഗത്തുള്ള പുലിമുട്ടിന്‍റെ നീളം കൂട്ടി, വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ടായി 170 മീറ്റർ ദൂരത്തോളം വളച്ചെടുത്ത് അഴിമുഖത്തേക്കുള്ള പ്രവേശനകവാടമാക്കണം എന്നതാണ് പഠന റിപ്പോർട്ടിലെ പ്രധാന ശുപാർശ. അഴിമുഖത്ത് മണ്ണടിയുന്നതും വള്ളങ്ങൾ ഒഴുക്കിൽപ്പെടുന്നതും തടയാൻ ഇത് സഹായിക്കുമെന്നാണ് സിഡബ്ല്യുപിആർഎസിന്‍റെ നിർദ്ദേശം. പുതിയ രൂപരേഖയിൽ കഴിഞ്ഞ ദിവസം ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്‍റ് മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുമായുള്ള തുടർചർച്ചകൾക്ക് ശേഷമാകും റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.