ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജന്മദിന നിറവില്‍. സ്ഥാപിതമായിട്ട് ഇന്ന് 139 വർഷം പൂർത്തിയാകുന്നു. പാരമ്പര്യത്തിലൂടെ ആർജിച്ച പക്വതയും യുവത്വത്തിന്‍റെ പ്രസരിപ്പുമായാണ് പാർട്ടി പുതിയ ഇന്ത്യയിൽ മുന്നോട്ട് കുതിക്കുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സ്ഥാപക ദിനത്തിൽ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തും പിസിസി ആസ്ഥാനങ്ങളിലും ഉൾപ്പെടെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ പതാക ഉയർത്തി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
1885 ഡിസംബർ 28 ന് ബോംബെയിലെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജിലാണ് കോണ്‍ഗ്രസ് രൂപംകൊണ്ടത്. ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസിന്‍റെ ജന്മദിനം രാജ്യമൊട്ടാകെ വിപുലമായി ആഘോഷിക്കുകയാണ്.