തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു
ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. അതേസമയം ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. ഗവർണർ – സർക്കാർ പോര് മൂക്കുന്നതിനിടയിൽ ഒരു ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുമായി നാളെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഖാമുഖം കണ്ടുമുട്ടും. ഇതിനിടെ കെ.ബി. ഗണേഷ് കുമാർ ഗതാഗത വകുപ്പിന് പുറമേ സിനിമാ വകുപ്പ് കൂടി മുഖ്യമന്ത്രിയോടു ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് തലസ്ഥാനത്തെത്തുന്ന ഗവർണർ നാളെ മുംബൈക്ക് മടങ്ങും. ഗവർണർ ഇന്ന് എത്തുമ്പോഴും നാളെ മടങ്ങുമ്പോഴും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം തുടരുമോ എന്നതാണ് കണ്ടറിയേണ്ടത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് വീണ്ടും ഗവർണറെ പ്രകോപിപ്പിക്കുന്നത് ഏതു രീതിയിൽ പ്രതിഫലിക്കും എന്ന ആശങ്കയിലാണ് എസ്എഫ്ഐയും സർക്കാരും. പ്രതിഷേധങ്ങളിൽ നിന്ന് താല്ക്കാലികമായി പിൻവാങ്ങാൻ എസ്എഫ്ഐക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാകും. പ്രഖ്യാപിത സമരത്തിൽ നിന്ന് പിൻവാങ്ങിയാൽ എസ്എഫ്ഐക്ക് അത് കനത്ത മാനക്കേടാകും. എന്തായാലും ഇക്കാര്യത്തിൽ എസ്എഫ്ഐ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
സർക്കാർ-ഗവർണർ പോര് വീണ്ടും സജീവമായതിന് പിന്നാലെ ഒരിടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുമായി നാളെ മുഖാമുഖം കണ്ടുമുട്ടുക. നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന കെ.ബി. ഗണേഷ് കുമാറിന് ഗതാഗത വകുപ്പിന് പുറമേ സിനിമാ വകുപ്പ് കൂടി നല്കണമെന്ന ആവശ്യം കേരള കോണ്ഗ്രസ് ബി മുഖ്യമന്ത്രിക്ക് മുന്നില്വെച്ചു. നിലവിൽ സജി ചെറിയാൻ വഹിക്കുന്ന ഈ വകുപ്പ് മുഖ്യമന്ത്രി വിട്ടു നൽകുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. സജി ചെറിയാൻ കടുത്ത വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.