ഡിജിപിയുടെ വസതിയിലേക്ക് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുമായി മുന്നോട്ട് പോകാന്‍ പോലീസ്. മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഡിജിപിയുടെ വസതിയില്‍ പ്രവേശിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ഡിജിപിയുടെ വീട്ടിലേക്ക് കടന്ന് നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത കണ്ടാലറിയാവുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പോലീസ് തീരുമാനം. ഇതിന്റെ ഭാഗമായി ക്രിമിനല്‍ നടപടിച്ചട്ടം 41 പ്രകാരം നോട്ടീസ് നല്കി സംശയിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടോ ഫോണിലോ മൊഴിയെടുക്കും. ഇതിന് ശേഷമായിരിക്കും എഫ്.ഐ.ആറില്‍ മാധ്യമപ്രവര്‍ത്തകരുടെ പേര് ചേര്‍ക്കുക. ഡിജിപിയുടെ വിടിനകത്ത് സ്ഥാപിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചായിരിക്കും ഏതൊക്കെ മാധ്യമപ്രവര്ത്തകന് നോട്ടീസ് നല്‍കണം എന്നതില്‍ തീരുമാനമെടുക്കുക. മാര്‍ച്ചിന്റെ പേരില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിന് പുറമെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രത്യേക കേസ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് മ്യൂസിയം പോലീസ് കേസ് രജിസറ്റര്‍ ചെയ്തതെന്നാണ് വിവരം. കേസുമായി മുന്നോട്ട് പോകാനുള്ള നിര്‍ദേശവും ഈ ഉന്നത തലങ്ങളില്‍ നിന്ന് തന്നെയാണ് വന്നിട്ടുള്ളത്.