ശബരിമലയില്‍ വന്‍ തിരക്ക്; പെരുവഴിയിലായി അയ്യപ്പഭക്തര്‍, പൊന്‍കുന്നത്തും വൈക്കത്തും റോഡ് ഉപരോധിച്ച് പ്രതിഷേധം

Jaihind Webdesk
Monday, December 25, 2023


ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്. സന്നിധാനത്ത് നിന്നും നീലിമല വരെ നീണ്ട വരി. പമ്പയില്‍ നിന്നും മണിക്കൂറുകള്‍ ഇടവിട്ടാണ് തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. നിലയ്ക്കലും ഇടത്താവളങ്ങളിലും തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ഇന്നലെ ശബരിമലയില്‍ ഈ സീസണിലെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടു.ദര്‍ശനം നടത്തിയത് 100969 പേരാണ്.പുല്ലുമേട് കാനന പാത വഴി മാത്രം എത്തിയത് 5798 പേരാണ് ഇന്ന് രാവിലെ 6 മണി വരെ 23167 പേര്‍ പടി ചവിട്ടി.പമ്പയില്‍ നിന്നും സന്നിധാനത്തെത്താന്‍ 16 മണിക്കൂറിലധികം നേരം വരി നില്‍ക്കേണ്ട സ്ഥിതിയാണ്. തിരക്ക് ഏറിയതോടെ പൊലിസ് പലയിടത്തും വാഹനങ്ങള്‍ തടഞ്ഞിടുകയാണ് . 12 മണിക്കൂറിലേറെ പെരുവഴിയില്‍ കിടന്ന അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചു പൊന്‍കുന്നത്തും വൈക്കത്തും റോഡ് ഉപരോധിച്ചു.ഇതര സംസ്ഥാന ഭക്തരും കേരളത്തില്‍ നിന്നുള്ള അയ്യപ്പ ഭക്തരുമാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമിക്കുകയാണ്.