തിരുവനന്തപുരം: പ്രതികാര നടപടി തുടർന്ന് പിണറായി സർക്കാർ. ഡിജിപി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് രണ്ടാം പ്രതി. ശശി തരൂർ എംപി, രമേശ് ചെന്നിത്തല അടക്കം കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.
കെപിസിസിയുടെഡിജിപി ഓഫീസ് മാർച്ചിൽ പങ്കെടുത്തവർക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. കെപിസിസി മാർച്ചിനെതിരായ പോലീസ് അതിക്രമത്തില്‍ ലോക്സഭാ സ്പീക്കർക്കും പ്രിവിലേജ് കമ്മിറ്റിക്കും കെ. സുധാകരൻ പരാതി നൽകിയിരുന്നു. നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാടേ ലംഘിച്ചുകൊണ്ട് താനുള്‍പ്പെടെയുള്ള എംപിമാര്‍ക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പൊലീസ് നടപടിയും ടിയര്‍ ഗ്യാസ്, ഗ്രനേഡ്, ജലപീരങ്കി പ്രയോഗവും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് കെ. സുധാകരൻ പരാതി നൽകിയത്.
മാർച്ചിനിടെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചത്. പ്രതിപക്ഷ നേതാവ് സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു പോലീസീന്‍റെ നടപടി. ഇതോടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്കു കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, ജെബി മേത്തർ എംപി, ഡിസിസി പ്രസിഡന്‍റ് പാലോട് രവി തുടങ്ങിയവരും ആശുപത്രിയിൽ ചികിത്സ തേടി. പോലീസ് നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.